വൈത്തിരി: പുഞ്ചിരിമട്ടും ഉരുള്‍ ദുരന്ത ബാധിത പ്രദേശമായ ചൂരല്‍മലയില്‍ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസംരാത്രി ചൂരല്‍മല വില്ലേജ് റോഡില്‍ എത്തിയ പുലി പ്രദേശത്തെ വിജയന്റെ നായയെ പിടിച്ചു. രാത്രി എട്ടരയോടെ എത്തിയ പുലിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കിടെ നാലാം തവണയാണ് വിജയന്റെ വീടിനടുത്ത് പുലി സാന്നിധ്യമുണ്ടാവുന്നത്. നേരത്തേ ഒരു നായയെ പുലി പിടിച്ചിരുന്നു. പുലിശല്യം തടയാന്‍ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. പുലിയെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ പലവട്ടം വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പട്ടതാണ്.
എന്നാല്‍ പരാതിയെത്തുമ്പോള്‍ സ്ഥലസന്ദര്‍ശനം നടത്തുന്ന വനപാലകര്‍ ഒന്നോ രണ്ടോ പടക്കം പൊട്ടിച്ച് മടങ്ങുകയാണ് പതിവ്. ഉരുള്‍ ദുരന്തത്തിനുശേഷം നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞതിനാല്‍ ചൂരല്‍മല വില്ലേജ് റോഡ് ഭാഗത്ത് മനുഷ്യവാസം കുറവാണ്. താമസം തുടരുന്നവര്‍ സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. പുലിയെ പിടിക്കാന്‍ വനസേന തയാറാകത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
കാട്ടാന ആക്രമണത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്
മാനന്തവാടി: കേരളത്തോട് ചേര്‍ന്ന് കര്‍ണാടകയിലുള്ള കുട്ടത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീതൊഴിലാളിക്ക് പരിക്ക്. നാണിച്ചി ബാളാകോവ് ഇന്നതിയിലെ മാരയ്ക്കാണ് പരിക്കേറ്റത്. കാപ്പിത്തോട്ടത്തില്‍ ജോലിയിലായിരുന്ന മാരയെ ഇന്നലെ രാവിലെ പത്തോടെയാണ് ആന ആക്രമിച്ചത്. ഇവരെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാട്ടാനശല്യം രൂക്ഷം
മാനന്തവാടി: വനം അടുത്തില്ലെങ്കിലും തലപ്പുഴ, പുതിയിടം, ചോയിമൂല പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ആനകള്‍ എത്തിയത് ജനങ്ങളെ ഭീതിയിലാക്കി. വനസേന തുരത്തിയാല്ത്തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ ആനകള്‍ തിരിച്ചെത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം പകല്‍ ചോയിമൂല, പുതിയിടം ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാനയെ ബേഗൂര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലക സംഘം എത്തിയാണ് കാടുകയറ്റിയത്. കൃഷിയിടങ്ങള്‍ മേച്ചില്പ്പുറമാക്കുന്ന ആനകള്‍ വലിയതോതില്‍ വിളനാശം വരുത്തുന്നുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ചീരാലില്‍ കടുവ
ആടിനെ പിടിച്ചു സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ വീണ്ടും കടുവ സാന്നിധ്യം. കഴിഞ്ഞദിവസം രാത്രി ജനവാസകേന്ദ്രത്തില്‍ എത്തിയ കടുവ കണ്ണിവട്ടം മണല്പ്പള്ളി ഷൗക്കത്തിന്റെ ആടിനെ പിടിച്ചു. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ കൂട്ടില്‍ ആട് ഉണ്ടായിരുന്നില്ല.
പിടിച്ച ആടിനെ കടുവ വനത്തിലേക്ക് കൊണ്ടുപോയെന്നാണ് വീട്ടുകാരുടെ സംശയം. സ്ഥലത്ത് എത്തിയ ആര്‍ആര്‍ടി അംഗങ്ങളുടെ പരിശോധനയില്‍ ആടിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെത്താനായില്ല. ആട്ടിന്‍കൂടിന് സമീപം സമീപം കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മാസങ്ങളായി ചീരാലിലും സമീപങ്ങളിലും കടുവ, പുലി സാന്നിധ്യമുണ്ട്. ആളുകള്‍ ഭയത്തോടെയാണ് കഴിയുന്നത്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
.